കുലമഹിമയുടെ കോവിലകങ്ങൾ
തൂവിയിടുന്നു ചുറ്റിലും
ന്യായീകരണമഷിതുള്ളികൾ
അതേ! അതങ്ങനെയേ വരു;
സ്വന്തമെന്നതിനെന്നുമൊരു
ന്യായതൂക്കമുണ്ടാവും
അല്ലാത്തവയെയൊളിപാർത്ത്
അഗ്നികൂട്ടിയിടുമ്പോൾ
നൈർമല്യത്തിന്റെ വൈരുദ്ധ്യം
പെരുമ്പറയടിക്കുന്നത്
ഏതു സാമ്രാജ്യത്തിലോ?
വെൺകൊറ്റക്കുടയേന്തിയ
സ്വർണസിംഹാസനമെഴുതും
നിർണയരേഖകൾ
തെറ്റിയ നീതിയുടെ ചുമരെഴുത്തുമായ്
നിൽക്കുമ്പോൾ
എന്റെ വിരലുകൾ ചലിച്ചെങ്കിൽ
ഹേ നീതിപീഠമേ
നീയെന്തിനു തലകുനിയ്ക്കുന്നു,
മിഴിപൂട്ടിയിരിക്കുന്നു??
സാമ്രാജ്യങ്ങളുടെ തെറ്റിയ
നിർണയപ്പുരകളിൽ
വൈരുദ്ധ്യങ്ങളുടെ
മഷിപ്പാടുകൾക്കുമുന്നിൽ
ഹേ നീതിപീഠമേ
നീയെന്തിനു
ഹൃദയമുരുകിമരിക്കണം..
No comments:
Post a Comment