പ്രിയപ്പെട്ട പെൺകുട്ടി!
നിന്നെ ഞാൻ പ്രണയിച്ചിരുന്നുവോ?
പ്രണയത്തേക്കാളേറെ
നിന്നെ പരാജയപ്പെടുത്തി
നിന്റെ ഭൂമിയെ ഒരു ചെറുനാരങ്ങാപോൽ
ചുരുക്കിയൊതുക്കാനായിരുന്നില്ലേ
ഞാനാഗ്രഹിച്ചത്...
അതിനിടയിലോടിപ്പോയ
നിന്നോട് എനിയ്ക്കൊരു ചെറിയ
പ്രണയവും തോന്നിയിരിക്കാം..
പക്ഷെ നിനക്ക് മടുത്തിരുന്നുവല്ലേ
ഓടിച്ചുമതിക്രമിച്ചും
ഭൂമിചുരുക്കാനൊരുങ്ങിയവനെ
പ്രണയിക്കാൻ നിനക്കായില്ലയെന്നറിയുന്നു..
പ്രിയപ്പെട്ട പെൺകുട്ടി...
നിന്നോടിങ്ങനെയൊക്കെ
ചെയ്യേണ്ടിവന്നതിൽ
ഖേദമുണ്ടോന്നു ചോദിച്ചാലറിയില്ല
നിന്റെയാകാശവും, ഭൂമിയും, കടലും
ചുരുങ്ങിയെന്റെ കൈയിലാവുമൊരുനാൾ...
അന്നു ഞാൻ വിജയിക്കുമോ
എന്നുചോദിച്ചാലതുമെനിക്കറിയില്ല...
പക്ഷെ നീയെന്നെ പ്രണയിച്ചില്ലയെങ്കിലും
എന്നെ പ്രണയിക്കാനൊരുപാടു
പെൺകുട്ടികളുണ്ടാവുമെന്ന്
നിനക്ക് മനസ്സിലായല്ലോ..
നിന്റെ ഭൂമി ചുരുങ്ങിവരുന്നതു കാണുന്നു ഞാൻ
ഉള്ളിലെനിക്ക് സന്തോഷമുണ്ടെങ്കിലുമതു ഞാൻ
പുറമെ കാണിക്കുന്നില്ല
അങ്ങനെയൊക്ക ചെയ്യുന്നതത്ര
നല്ലകാര്യമല്ലാത്തതിനാലാണെന്നുമറിയുക..
പ്രിയപ്പെട്ട പെൺകുട്ടി
നീയെന്തിനിങ്ങനെയക്ഷരങ്ങളെയമ്മാനമാടുന്നു
നിനക്കൊന്നു മിണ്ടാതിരുന്നു കൂടെ..
ഈ ലോകത്തിനുമുകളിൽ
ഞാനൊരുപതാകയേറ്റും വരെയെങ്കിലും...
No comments:
Post a Comment