നീർത്തിയിടും ചരിത്രത്തിനോർമ്മകൾ
മാഞ്ഞുപോകണമെന്നാഗ്രഹിക്കുന്നുവോ നീ
ഓർമ്മകളിലൊരു മുൾവാകനട്ടതിൻ
ശിഖരങ്ങളിലൊരു പതാകയേന്തി
നിൽക്കുന്നുവോ നിന്റെ വിജയം!!
ഞാനും പൊരുതിയിരിക്കുന്നു....
യുഗങ്ങളോടും, ഓർമ്മകളോടും
ഋതുക്കളനേകം മായുമ്പോഴും
മാഞ്ഞതേയില്ല ആ നിഴൽക്കൂടുകൾ
ഒന്നിനെ മായ്ക്കുമ്പോൾ
ഒരായിരമതിൽ നിന്നുണർന്നു
തടുത്തുകൂട്ടിയൊരു പെട്ടിയിൽ
താഴിട്ടുപൂട്ടിയെങ്കിലുമതുമുടച്ചുതകർത്തു
അക്ഷയതൃതീയപോലെയൊരനശ്വരത
നിശബ്ദതതിയിൽ നിന്നും
ശബ്ദായമാനമായ മേഘഗർജ്ജനങ്ങളിൽ
നിന്നുമുണരും മഴയിലുമവയൊന്നും
ഒഴുകി മായുന്നുമില്ല..
നീർത്തിയിടും
ചരിത്രത്താളിലിനിയെന്തെഴുതി
സൂക്ഷിക്കണം?
ചരിത്രത്തിന്റെ വട്ടക്കണ്ണടയാരോ
കവർന്നിരിക്കുന്നു..
അർജുനവിഷാദയോഗത്തിനവസാന
കുരുക്ഷേത്രത്തിൽ
ശരമൊടുങ്ങാത്ത ശരദിയുമൊരുനാൾ
സമുദ്രം തിരികെയേറ്റി
വിരലുകളിലെ സമുദ്രവും
ഒരുനാളുറങ്ങിപ്പോയേക്കാം...
ഓർമ്മകളും നിഴലുകളും
ഒഴുകിയൊഴുകിമായുമൊരു
പ്രളയനാളിൽ....
No comments:
Post a Comment