എഴുതിയെഴുതിമുനയൊടിഞ്ഞ
പേനയിൽ മഷിതൂവി
വീണ്ടും നിങ്ങളെഴുതിയതു
കണ്ടിരിക്കുന്നു..
അതിലൊരിത്തിരി
ചായം പൂശി മിനുക്കിയിട്ടും
അതിലെ നിശ്ചലത ദൃശ്യം..
കഠിനാക്ഷരങ്ങളുടെ
കടലാസുതാളുകളേറയും
കൈയേറിയെങ്കിലും
ഭൂമിയുടെ നിറുകയിൽ
രക്തം തൂവാനാകാഞ്ഞതിന്റെ നിരാശ
ഒരുപുഴയ്ക്കെങ്കിലുമുണ്ടാവും.
കാലം കളിയ്ക്കും
പഴയ നാടകശീലുകളുടെ
മാന്ത്രികതയും മങ്ങിയിരിക്കുന്നു
പുറമെ കാട്ടും നാട്യങ്ങളുടെ
നർത്തനശാലകൾക്കരികിൽ
നാട്യമേത് നടനമേത്
യാഥാർഥ്യമേത്
എന്നറിയാതെ
മഴനീർക്കുടങ്ങൾ
പെയ്തൊഴിയുമ്പോൾ
മൊഴിയഴകിൽ
മനസ്സിലൊരു
സമുദ്രമൊഴുകിയുയരുന്നു...
No comments:
Post a Comment