Tuesday, June 21, 2011

മേഘസന്ദേശം


പെൺകുട്ടീ...
നിനക്കൊരു കത്തെഴുതണമെന്നു
വിചാരിക്കുന്നു
നീ കരുതും പോലെയൊന്നുമല്ല പലതും
നിനക്കറിയാനാവാത്ത ഒരുപാരൊടുപാട്
അടിയൊഴുക്കുകളുണ്ടായിയെന്നറിയുക..
പിന്നെയെന്റെയുള്ളിലെ
കെട്ടുപിണഞ്ഞകുറെയേറെകുരുക്കുകളും
ഒരോന്നോരോന്നായിയഴിക്കുമ്പോഴതിൽ
വീണ്ടും കുരുങ്ങിപ്പോയി എന്റെയാത്മാവ്
പിന്നെ നിന്റെ ദുരന്തത്തിലൊരുനാൾ 
ഞാൻ ദു:ഖിച്ചിരുന്നു...
നിനക്ക് പരാതിപറയാനും
അശ്രുനീരൊഴുക്കാനും
പരിഭവപ്പെടാനും
മൂടുപടമിട്ടെങ്കിലും
ഒരു ഹൃദയവും ഞാൻ തന്നിരുന്നു
പക്ഷെ നീയതുടച്ചുലച്ചു 
നിന്റെ കടലിലേയ്ക്കെറിയുകയും ചെയ്തു..
പക്ഷെ ഇന്ന് നിന്നോടെനിക്ക് 
ദയയും പകയൊന്നുമില്ലയെന്നറിഞ്ഞാലും


ആൺകുട്ടീ...
നീയെഴുതിയ കത്തുകണ്ടു
നീയെന്റെ ഭൂമിയിൽ
അഗ്നിപർവതങ്ങൾ തീർത്തു
അണുസ്ഫോടനങ്ങൾ നടത്തി
പിന്നെയാൾക്കാരെചേർത്തോടിക്കാൻ
ശ്രമിച്ചു
എന്റെ കടലിലുപ്പുമാത്രമേയുള്ളുവെന്നുപറഞ്ഞു
എന്റെ ഭൂമിയിൽ വിളയുന്നത്
പതിരാണെന്നും പറഞ്ഞു.....
അതിനെയല്ലാം ഞാനൊരുറുമിതലപ്പാലെതിർക്കുകയും
ചെയ്തു..
എന്നെ വേദനിപ്പിക്കാനുമില്ലാതാക്കാനും
നീയുപയോഗിച്ച കഠിനപദങ്ങൾക്കെതിരായി
ഞാനും വാക്കുകൾ തിരഞ്ഞുകണ്ടുപിടിച്ചു..
പിന്നെ ചിലനേരങ്ങളിലാരോ
സഹായിക്കുന്നുണ്ടെന്നും 
തോന്നിയിരുന്നു..
അപ്പോഴേയ്ക്കുമീ ഭൂമിയ്ക്ക് മതിയായിരുന്നു
കൈയിലേന്തിയ ഉറുമിയും രണ്ടായി
മുറിഞ്ഞിരുന്നു...
ഒരോ പ്രാവശ്യവും നിന്നിൽ
നിന്നകലേയ്ക്കകലേയ്ക്ക്
പോകണമെന്നായിരുന്നു 
എന്റെ ഭൂമിയുടെയാഗ്രഹം..
പക്ഷെ എന്റെയീ ചെറിയ
ഭൂമിയെയാരോ വിലങ്ങിട്ടു
പിന്നോട്ടു വലിച്ചുകൊണ്ടേയിരുന്നു..
അത് നീയാണോ
നിന്റെ സൈന്യങ്ങളാണോയെന്നറിയില്ല
നിന്റെ സൈന്യങ്ങളോടെനിക്ക്
വലിയ പ്രിയമില്ല
അവരെകാണുമ്പോളെനിയ്ക്ക്
ചിരിയും വരാറുണ്ട്
അവരെന്തിനിങ്ങനെ കോലം 
തുള്ളുന്നുവെന്നുപോലും ചിലനേരങ്ങളിൽ
തോന്നിയിട്ടുണ്ട്...
പിന്നെ നിന്റെഹൃദയം 
നീ പറയും പോലെ ഞാനുടച്ചതല്ല
നിന്നോടുള്ള ദ്യേഷ്യം കൂടിതിരികെയോടിയപ്പോൾ
അറിയാതെ കൈതട്ടിയുടഞ്ഞുപോയി..
നിന്റെ കത്തിൽ നീയെഴുതിയതൊക്കെ
വിശ്വസിക്കണമോയെന്നനിക്കുമറിയില്ല..
സമാന്തരരേഖകളുടെയിരുവശവുമിരുന്ന്
ഇനി വിശ്വസിപ്പിക്കാനായെന്തിനൊരു
പാഴ്ശ്രമം..


No comments:

Post a Comment