പ്രിയപ്പെട്ട ആൺകുട്ടി;
ഇന്നലെ നീയെഴുതിയ കത്തു കണ്ടു
അതിനെന്ത് മറുകുറിയെഴുതണമെന്നറിയില്ല...
നീയെന്നിയില്ലാതെയാക്കാൻ
പ്രചരിപ്പിച്ച നുണക്കഥകളെല്ലാം തന്നെ
ആ ജോലി ഭംഗിയായി ചെയ്തുതീർത്തിരിക്കുന്നു..
അതു നീ ചെയ്തുകൊണ്ടിരുന്നപ്പോൾ
എന്തും ചെയ്യാമെന്നുള്ളൊരമിതവിശ്വാസം
നിനക്കുണ്ടായിരുന്നു....
(ഇന്നൊരുപക്ഷെ നീ കുറെ മാറിയിട്ടുണ്ടാവുമെന്നു
ഞാൻ വിശ്വസിക്കുന്നു...)
നിന്റെ പുതിയ കഥയ്ക്കൊരു
പൊലിമയുണ്ടാക്കാൻ
ആ നുണകൾക്ക് സാധിച്ചുവെന്നതിൽ
നിനക്കുണ്ടായ തൃപ്തി
ഇന്ന് നിസംഗമായ ഒരാവരണമായ്
നിന്നെ വീർപ്പുമുട്ടിക്കുന്നുവെന്നുമറിയാം..
ഇന്നു നീ പലതും പറയുന്നെണ്ടെങ്കിലും
അതിലൊന്നുമൊരാത്മാർഥതയില്ലായ്മ
തിങ്ങിക്കൂടുന്നത് ഞാൻ കാണുന്നുണ്ട്...
ഒരുപാടൊരുപാട് ദു:ഖത്തിനിടയിലും
എന്റെ ഹൃദയത്തിലൊരു സന്തോഷം
നിറഞ്ഞു നിന്നിരുന്നു....
അതു കുറെയേറെയില്ലായ്മ ചെയ്യാൻ
നിനക്കായിയെന്നതിൽ
നിനക്കഭിമാനമുണ്ടാകാനിടയില്ല..
അതു നീയാഗ്രഹിച്ചിരുന്നില്ലയെന്ന്
പറഞ്ഞാലുമെനിക്കിന്ന് മനസ്സിലാവും..
ഞാനെഴുതുന്ന വരികൾ
ഒരപ്രിയസത്യം പോലെ
നിന്നെ നോവിച്ചേയ്ക്കാം...
പക്ഷെയിങ്ങനെയൊക്കെ
വന്നതിൽ നിനക്കുള്ള പോലെയുള്ള
വിഷമം എന്നെയുമലട്ടുന്നുണ്ട്
അതെഴുതിയെഴുതി തീരുമ്പോഴേക്കും
ഈ ലോകം തന്നെ ചിലപ്പോഴൊരപരിചിത
ഗ്രഹമായി മാറിയേക്കാം....
No comments:
Post a Comment