Thursday, June 23, 2011

നിന്നോട് ഞാനിനിയെന്തു പറയും !!


പ്രിയപ്പെട്ടവനേ!
നിന്നോടു ഞാനതങ്ങനെ പറയും
വിവേകത്തിന്റെ 
മണൽത്തരികളുടെ കഥ....
ഒരോന്നായി എണ്ണിയെണ്ണിതുടങ്ങിയപ്പോഴേയ്ക്കും
അസ്തമയമായിരുന്നു..
എന്നിട്ടും തീരാത്തത്രയുമുണ്ടായിരുന്നു
സമുദ്രതീരത്തിൽ.
നിന്നോടായി മാത്രം ഞാൻ പറയാം...
വിവേകത്തിന്റെ മണൽതരികളെണ്ണിതീർക്കാനാർക്കുമാവില്ല
ഇന്നലെനീയെഴുതിയ കത്തു കണ്ടു..
അതിനു ഞാനെന്തുമറുപടിയെഴുതുമെന്നാലോചിച്ചല്പം
വിഷമിക്കിക്കുകയും ചെയ്തു....
നീ പറയും പോലെയെന്നും ചെയ്യാനെനിക്കാവില്ലല്ലോ
നീയുമങ്ങനെ തന്നെയല്ലേ..
എന്നും വിധിന്യായങ്ങളെഴുതി 
നീട്ടിയിരുന്നത് നീയായിരുന്നു
എന്നു ഞാൻ വിശ്വസിക്കട്ടെ....
അതെന്നും നിനക്കനുകൂലമായിരിക്കാൻ
നീ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു
പ്രിയപ്പെട്ടവനേ;
നിന്നോടൊന്നു ഞാൻ പറയാം
നിന്റെ സഹോദരിയോടും അമ്മയോടും
മറ്റൊരാൾ ചെയ്യാനാഗ്രഹിക്കാത്തതൊന്നും
നീ മറ്റൊരു പെൺകുട്ടിയോട് ചെയ്യരുത്...
ഈ ലോകത്തിലെ 
മനസ്സിൽ നന്മയുള്ള എല്ലാവരും
വിശ്വസിക്കുന്നതും അങ്ങനെ തന്നെയാവും...
അതൊന്നു നിന്നെ മനസ്സിലാക്കണമെന്നുണ്ടായിരുന്നു..
അങ്ങനെയാരെങ്കിലും നിന്നോടു ചെയ്താൽ
നീ പ്രതികരിക്കും വിധവും ഇന്നെനിക്കറിയാം..
സഹിക്കാവുന്നതിലേറെ സഹിക്കുമാത്മാക്കൾക്കൊരു
നിസംഗത്വമുണ്ടാവും...
പ്രശംസിക്കുന്നതെല്ലാം മഹത്തരമായത്
എതിർക്കുന്നതെല്ലാം നിന്ദ്യം, നികൃഷ്ടം
എന്നു വിശ്വസിക്കും ലോകത്തിനിടയിൽ
വിവേകമെന്തെന്നറിയുക വളരെ കഷ്ടം തന്നെ..
പ്രിയപ്പെട്ടവനേ,
ഒരാളെ തോൽപ്പിക്കേണ്ടതെങ്ങനെയെന്നേ
നീയാലോചിച്ചിരുന്നുള്ളൂ..
എങ്ങനെ ഞാനൊരു നല്ല മനുഷ്യനാവും
എന്നു ചിന്തയിലേ വിവേകത്തിന്റെ
സ്വർണതരികൾ കാണുവാനാവൂ
എന്നു ഞാൻ വിശ്വസിക്കുന്നു....
ഒന്നുനീയറിഞ്ഞാലും....
ലോകസമക്ഷമൊരു പ്രകടനം നടത്തി 
വിജയിക്കണമെന്നൊരു
സത്യവാംങ് മൂലമൊന്നും ഞാനെഴുതി
സൂക്ഷിക്കുന്നുമില്ല......
സമുദ്രതീരത്തിലെ ചിപ്പികളിലെ
കടലിരമ്പം എന്റെ ഹൃദയത്തിലുമുണ്ടെന്നറിഞ്ഞാലും..
വിവേകമെന്ന പേരുള്ള 
മനുഷ്യനിർമ്മിതമഹാനൗകകളോ
താണുതാണുപോകുന്നു..
മനസ്സിനെയെങ്കിലുമുയർത്താനായെങ്കിലെന്നാശിക്കുന്നു
കത്തു നീണ്ടപോകുന്നതിനാൽ ചുരുക്കുന്നു..
നിന്നോടിതിൽ കൂടുതലെന്തു 
പറയണമെന്നെനിക്കുമറിയില്ല....




No comments:

Post a Comment