Tuesday, June 21, 2011

പ്രിയപ്പെട്ടവളെ!


പ്രിയപ്പെട്ടവളെ...
നിന്നെ ഞാനങ്ങനെ വിളിക്കുന്നു..
ആ വിളി കേൾക്കാനാവാത്തത്രയകലെയാണു
നീയെന്നുമറിയാം
എങ്കിലുമീകവിതാമയമായ
ലോകത്തിലെങ്കിലുമൊരല്പം
സുഖശീതളിമയുണ്ടാകട്ടെയെന്നതിനാൽ
നിന്നോടു ഞാൻ പറയുന്നു..
പ്രിയപ്പെട്ടവളെ...
നിന്റെ മനസ്സും ഹൃദയവുമാകെ
അലങ്കോലപ്പെട്ടിരിക്കുന്നുവെന്നറിയാം
നിനക്കതികഠിനമായ ദു:ഖമുണ്ടാകാൻ
എന്റെയീപുഴയ്ക്കൊരുനാളതിയായ 
ആഗ്രഹവുമുണ്ടായിരുന്നു..
ഇന്നുമൊരല്പമതേയാഗ്രഹമെന്നിലുണ്ടെന്നെന്റെ
മനസ്സ് സ്വകാര്യമായി പറയുന്നുമുണ്ട്...
നിന്റെ ദുരന്തങ്ങളെ ഞാൻ സ്നേഹിക്കുകയും 
ചെയ്തിരുന്നുവോ എന്നു നീയെന്നോട് ചോദിച്ചാൽ
സത്യമായ ഒരുത്തരമേകുവാനെനിക്കായെന്നും വരില്ല.
പ്രിയപ്പെട്ട കുട്ടീ!
നിന്നോടുള്ള ദ്യേഷ്യം തീർക്കാൻ
ചിലരെല്ലാം പാദുകങ്ങൾ തീർക്കുന്നുവെന്നറിയുന്നു
പാദുകങ്ങൾ കൈയിലേറ്റുന്നവരുടെ കൈയ്ക്ക്
തുകൽഗന്ധമുണ്ടെന്ന് നീ പറയുകയും ചെയ്യുമെന്നറിയാം
പിന്നെയവരെ നിന്റെ ചെമ്പകപ്പൂസുഗന്ധമുള്ള
വിരലുകളാലാകാശത്തമ്മാനമാടി
നീ പകരം വീട്ടുമെന്നുമറിയാം..
നിനക്കി നിലാവിനോട് ചിലനേരങ്ങളിൽ
സഹതാപം തോന്നിയേക്കാം...
ചിലനേരങ്ങളിൽ രോഷവും
ചിലനേരങ്ങളിൽ സ്നേഹവും..
ഇങ്ങനെയൊക്ക വന്നതെന്തെന്ന്
ചോദിച്ചാലെനിക്കറിയില്ല 
എന്നു പറയാനേ ഇന്നുകഴിയുന്നുള്ളൂ..
പ്രിയപ്പെട്ടവളെ!
ഇനിയൊരിക്കലും 
നമ്മൾ കാണാനിടയില്ലാത്തതിനാൽ
നിനക്ക് നന്മ നേരുന്നു...
നീ ബുദ്ധിമതിയായതിനാൽ
അതൊരു ഭംഗിവാക്കാകുമെന്ന്
നിനക്ക് തിരിച്ചറിയാനാവുമെന്നുമറിയാം..
നീയേതെങ്കിലുമൊരു മഹാസമുദ്രത്തിൽ
മാഞ്ഞില്ലാതെയായങ്കിലെന്നുപോലും
ചിലനേരങ്ങളിലെനിയ്ക്ക്
തോന്നിയിട്ടുണ്ടെന്നതൊരു 
രഹസ്യമായിരിക്കട്ടെ...
അതൊരു നല്ലചിന്തയല്ലെന്നുമെനിക്കറിയാം
പ്രിയപ്പെട്ടവളെ! 
സത്യമെന്തന്നെഴുതിയാൽ
ഒന്നേ പറയാനാവൂ...
നിന്നോടിപ്പോൾ എന്ത് പറയേണ്ടതെന്ന്
ഈ പുഴയ്ക്കറിയില്ല...

No comments:

Post a Comment